Tuesday, February 20, 2018

സമയത്തിന്റെ പ്രാധാന്യം

ഒരു ഗ്രാമത്തിൽ ദരിദ്രനായ ഒരു മുക്കുവൻ താമസിച്ചിരുന്നു.
മീൻ പിടിച്ചു വിറ്റും കൂലിവേല ചെയ്‌തും ആയിരിന്നു അയാൾ ജീവിതം തള്ളി നീക്കിയിരുന്നത്.

ഒരുദിവസം കറി വെക്കാനായി മത്സ്യം നന്നാക്കി കൊണ്ടിരിക്കുകയായിരുന്ന മുക്കുവന്റെ ഭാര്യക്ക് മത്സ്യത്തിന്റെ ഉദരത്തിൽ ഇന്ന് ഒരു രത്‌നക്കല്ല് കിട്ടി .

മുക്കുവന്റെ ഭാര്യ മുക്കുവനോട് പറഞ്ഞു "നിങ്ങൾ ഇത് കൊണ്ടുപോയി മാർകെറ്റിൽ വിൽക്കൂ നമ്മുടെ ദാരിദ്ര്യം മാറികിട്ടാൻ ഈ രത്‌നം മതി. ഇത് ദൈവമായിട്ട് നമുക്ക് കൊണ്ടുവന്നതാണ്.

പിറ്റേ ദിവസം തന്നെ മുക്കുവൻ രത്നവുമായി ഒരു രത്‌നവ്യാപാരിയെ പോയി കണ്ടു. രത്‌നം പരിശോധിച്ചശേഷം രത്ന വ്യാപാരി പറഞ്ഞു " ഇത് വളരെ വിലപിടിച്ച രത്‌നമാണ് ഇത് വാങ്ങാനുള്ള സമ്പത്ത് എനിക്കില്ല, നിങ്ങൾ ഇതുമായി ഗവർണറെ പോയി കാണു, ഒരു പക്ഷെ ഒരു നല്ല വില നിങ്ങള്ക്ക് അയാൾ തന്നെന്നിരിക്കും"

മുക്കുവൻ ര്തനവുമായി പ്രവിശ്യ ഗവർണറെ പോയി കണ്ടു. ഗവർണർ പറഞ്ഞു " ഇത് വളരെ വിലപിടിച്ച രത്‌നമാണ് ഇത് വാങ്ങാനുള്ള സമ്പത്ത് എനിക്കില്ല അതുകൊണ്ട് നിങ്ങൾ രാജാവിനെ പോയി കാണൂ".

മുക്കുവൻ ഏഴു ദിവസം യാത്രചെയ്തു രാജാവിന്റെ അടുത്തെത്തി. രത്‌നം വാങ്ങി നോക്കിയശേഷം രാജാവ് പറഞ്ഞു " ഇത് വിലമതിയ്ക്കാനാവാത്ത രത്നമാണ്, ഇതിന്റെ മൂല്യം എനിക്ക് നിശ്ചയിക്കാൻ സാധ്യമല്ല, നിങ്ങൾ ഒരു കാര്യം ചെയ്യൂ, ഞാൻ നിങ്ങൾക്ക് എന്റെ കാലവറയുടെ താക്കോൽ നൽകാം, കലവറയിൽ പണവും സ്വർണവും ധ്യാന്യങ്ങളും പഴവര്ഗങ്ങളും എല്ലാം ഉണ്ട്, നിങ്ങള്ക്ക് മതിയാവോളം എന്തു വേണമെങ്കിലും എടുക്കാം, പക്ഷെ എല്ലാം ആര് മണിക്കൂർ സമയത്തിനുള്ളിൽ ആവണം".

മുക്കുവന് സന്തോഷമായി. ആറുമണിക്കൂർ സമയം യഥേഷ്ടമാണ് സ്വർണവും പണവും എല്ലാം എടുക്കുന്നതിനു മുൻപ് വേണമെങ്കിൽ ഒന്ന് ഉറങ്ങി എഴുന്നേൽക്കാൻ സമയമുണ്ട്.

മുക്കുവൻ കലവറ തുറന്ന് അകത്തു കയറി വിശപ്പുകാരണം പഴവർഗങ്ങൾ ധാരാളം ഭക്ഷിച്ചു ഏഴുദിവസത്തെ യാത്രക്ഷീണം കൂടിയായപ്പോൾ ഒന്ന് നന്നായി ഉറങ്ങി. വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് മുക്കുവൻ ഉണർന്നത്. വാതിൽ തുറന്ന മുക്കുവൻ ഞെട്ടിപ്പോയി. കാലവറയുടെ കാവൽക്കാർ ആണ്. " നിങ്ങൾക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു, അവർ പറഞ്ഞു".

"അയ്യോ ഞാൻ ഒന്നും ഇതുവരെ എടുത്തില്ല, ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി. എനിക്ക് കുറച്ചുകൂടി സമയം തരൂ " മുക്കുവൻ അവരോട് യാചിച്ചു . പക്ഷെ കാവൽക്കർക്കു ഒന്നും ചെയ്യാനാകില്ല എന്ന് അറിഞ്ഞതോടുകൂടി മുക്കുവൻ ആകെ തളർന്നു വെറും കയ്യോടെ തിരിച്ചു പോയി.

ഗുണപാഠം -
എല്ലാവര്ക്കും ഒരു സമയമുണ്ട്. തിരിച്ചുകിട്ടാത്ത സമയം .  സംമ്പാദിക്കാൻ ഉള്ള സമയമാണ് അത്. രാജാധിരാജൻ തന്ന യവ്വനം.


Wednesday, January 31, 2018

ഞാൻ കണ്ട ദുബായ്

ഞാൻ കണ്ട ദുബായ്


1999 ജനുവരി 24 നു ആണ് ഞാൻ ദുബായിയിൽ വന്നത്. തൊട്ടടുത്ത ദിവസം ബർദുബൈ ബസ് സ്റ്റേഷനിൽ നിന്ന് ദേരയിലേക്കു പോകാൻ ബസ് കാത്തു നിൽക്കുകയാണ് . 
മുകൾഭാഗം തുറന്ന, മരത്തിൽ പണിത പെർഗോളയാണ് മേൽക്കൂര. ബസ് വന്നു നിൽക്കുന്ന ഭാഗത്തുള്ള കാത്തിരിപ്പു സ്ഥലം ആണ് ഇത്. ഇരിപ്പിടം എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്, എല്ലാം മരത്തിൽ തന്നെ പണി തീർത്തത്. കണ്ടാൽ ഒരു പൗരാണികത തോന്നും. പക്ഷെ എല്ലാം പുതിയ നിർമിതിയാണ്. ബസ്റ്റാൻഡിന്റെ നടുവിലായി കോൺക്രീറ്റിൽ പണിത പ്രധാന കെട്ടിടം.  മൂന്ന് ഭാഗത്തുകൂടെ അകത്തേക്ക് പ്രവേശിക്കാം. അകത്തേക്ക് പ്രവേശിച്ചാൽ മധ്യഭാഗം ഓപ്പൺ ആണ് നടുവിലായി ചെറിയ നടുമുറ്റം.  ഓപ്പൺ നടുഭാഗത്തുനിന്നു പ്രവേശിക്കാവുന്ന രീതിയിൽ ഇരുവശങ്ങളിലും രണ്ടു കഫെറ്റീരിയകൾ  (കഫെറ്റീരിയ എന്ന് ഞാൻ കേൾക്കുന്നത് ആദ്യമായിട്ടാണ്. നാട്ടിലൊക്കെ ടീസ്റ്റാൾ എന്നാണ് പറയാറ്). പുറത്തു ഷവർമ കൌണ്ടർ സെറ്റ് ചെയ്തിരിക്കുന്നു. ദുബായി ബസ്റ്റാന്റിന്റെ ഈ ഹൃദയഭാഗത്തുള്ള കഫെറ്റീരിയകൾ മലയാളികളുടെ ഉടമസ്ഥതയിലാണ്. ഒരുഭാഗത്തു ഒരു ചെറിയ ഇൻഫർമേഷൻ ഓഫീസ്. മൂന്നാമത്തെ ഭാഗത്തു ശൗച്യാലയം. 

ബസ്റ്റാൻഡിന്റെ ഒരുഭാഗത്തു അബുദാബിയിലേക്ക് പോകാനുള്ള ഷെയർ ടാക്സി യാത്രക്കാരെ വിളിച്ചു കയറ്റുന്നു. അബുദാബിയിൽ നിന്ന് വരുന്ന യാത്രക്കാർ വേറെ ഒരു മോഡൽ ടാക്സിയിലാണ് വന്നു ഇറങ്ങുന്നത്. അതിലെ ഡ്രൈവർമാർ എല്ലാം പട്ടാണികളാണ് (പാകിസ്താനിലെ പശ്‌തു ഭാഷ സംസാരിക്കുന്നവർ ). അബുദാബിയിൽ നിന്ന് വന്ന ടാക്സിയിൽ തിരിച്ചു ആളെ കയറ്റുന്നില്ല. പിന്നീട് ആണ് മനസ്സിലായത് അബുദാബി ടാക്സിക്കാർക്കു ദുബായിൽ നിന്ന് ആളെ എടുക്കാൻ അനുവാദം ഇല്ല. അവർ കാലിയായി തിരിച്ചുപോകണം. അതുപോലെ തന്നെയാണ് ദുബായ് ടാക്സിക്കാർക്ക് അബുദാബിയിൽ നിന്നും കാലിയായി തിരിച്ചുവരണം (പക്ഷെ അവർ വഴിയിൽ നിന്നും ആളെ കയറ്റുന്നത് ഒരു പരസ്യമായ രഹസ്യം).

ലണ്ടൻ ടാക്സിയുടെ ഒരു മാതൃക 
വേറെയൊരു ഭാഗത്തു ലണ്ടൻ ടാക്സി എന്നറിയപ്പെടുന്ന കാർ സത്‌വ യിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റുന്നു. ലണ്ടൻ ടാക്സി കാണാൻ ഒരു വ്യത്യസ്തത ഉണ്ട് . കണ്ടാൽ കൗതുകം തോന്നുന്ന ഒരു മോഡൽ കാർ. യാത്രക്കാർ മുഖാമുഖം ആണ് ഇരിക്കുന്നത്. പത്തിലധികം പേരെ അതിലും കയറ്റുന്നുണ്ട്.
ക്യൂ വിന്റെ പുറകിൽ സത്‌വയിൽ നിന്ന് തിരിച്ചു വരുന്നവരെ വേറെ ലണ്ടൻ ടാക്സി കൊണ്ടുവന്നു ഇറക്കുന്നുമുണ്ട്.

ബസ്സ് കത്ത് നിൽക്കുന്നവർ എല്ലാം ക്യൂ പാലിച്ച് അച്ചടക്കത്തോടെ നിൽക്കുന്നു. ബസ്സ് വരുന്നതുവരെ ക്ഷമയോടെ നിൽക്കും. പൊലീസോ അധികാരികളോ ആരും നിയന്ത്രിക്കുന്നില്ല. എല്ലാം നോട്ടീസ് ബോർഡിൽ എഴുതിയിട്ടിരിക്കുന്നു. 

ഞാൻ ബസ്റ്റാൻഡ് ഒന്ന് ചുറ്റിക്കണ്ടു. തിരക്കൊഴിഞ്ഞ ഒരു ഭാഗത്തു ഒരു വട്ടമേശയിട്ട് വൃദ്ധരായ അറബികൾ ചീട്ടുകളിക്കുന്നു. താഴെ അവരുടെ കസേരക്ക്‌ അരികിൽ ഒരു നാടൻ തെരുവ് നായ. അവർ ഇട്ടുകൊടുക്കുന്ന എച്ചിൽ കഷ്ണങ്ങൾ ഭക്ഷിച്ചു ആരെയും ഉപദ്രവിക്കാതെ വളരെ അനുസരണയോടെ ചുറ്റിക്കറങ്ങുന്നു. ഈ കാഴ്ച എന്നിൽ വളരെ ആശ്ചര്യം ഉളവാക്കി. നാട്ടിൽ ചീട്ടുകളി കുറ്റകൃത്യമാണ്. നാട്ടിൽ ചീട്ടുകളി കണ്ടു നിന്നവർക്കുപോലും പോലീസിന്റെ തല്ല് കിട്ടിയിട്ടുണ്ട്. ഇവിടെ ദുബായിൽ ഇതാ പൊതുസ്ഥലങ്ങളിൽ പരസ്യമായി പോലീസിന്റെ മൂക്കിനു താഴെ ചീട്ടുകളിക്കുന്നു. അറബിവേഷം അച്ചന്മാരുടെയും മുസ്ലിയാക്കന്മാരുടെയും ഒക്കെ വേഷമാണ്. മുസ്ലിയാക്കന്മാർ നായയെ തൊട്ടാൽ ഏഴു  പ്രാവശ്യം മണ്ണിട്ട് കൈ കഴുകണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്. ഇവിടെ ഇതാ ബാങ്കുവിളിച്ചാൽ കൃത്യമായി അഞ്ചു നേരം പള്ളിയിലേക്ക് പോകുന്ന ശുഭ വസ്ത്രധാരികൾ ചീട്ടു കളിക്കിടയിൽ നായയെ താലോലിക്കുന്നു.

ബസ്റ്റാൻഡിന്റെ കിഴക്കുവശത്തു് താത്കാലിക നമസ്കാര പള്ളി. പോർട്ടാകാബിൻ ആണ് അംഗശുദ്ധി വരുത്താനുള്ള സൗകര്യം ഉണ്ട് പക്ഷെ ശൗച്യാലയം ബസ്‌സ്റ്റാന്റിന്റെ തന്നെയാണ് പൊതുവായി ഉള്ളത്. അതുകൊണ്ട്   ശൗച്യാലയം എപ്പോഴും തിരക്കാണ്. പട്ടാണികൾ ശൗചാലയത്തിൽ പ്രവേശിച്ചാൽ കൈകൊട്ടും. ഇത് ഒരു സിഗ്നൽ ആണ്. പുറത്തു ആൾ വെയ്റ്റിംഗ് ആണ് എന്ന് ടോയ്‌ലെറ്റിൽ ഉള്ളവരെ അറിയിക്കാനുള്ള സിഗ്നൽ.
എത്ര തിരക്കുണ്ടെങ്കിലും ബസ്സ്റ്റാൻഡിലെ ടോയ്ലറ്റ് ആയാലും മുനിസിപ്പാലിറ്റി ജീവനക്കാർ എപ്പോഴും വൃത്തിയാക്കി കൊണ്ടിരിക്കും . ശുചിത്വം ദുബായുടെ മുഖമുദ്രയാണ്.

ബസ്റ്റാൻഡിന്റെ തെക്കു കിഴക്കു മൂലയിൽ ഹോട്ടൽ പെനിൻസുല ബാർ അറ്റാച്ചഡ് ഹോട്ടൽ ആണ്. ആരാധനാലയത്തിൽ നിന്ന് അഞ്ഞൂറ് മീറ്റർ ദൂരത്തെ നാട്ടിൽ മദ്യ വില്പന അനുവദിക്കൂ എന്നാൽ ദുബായിൽ വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തും ചിലപ്പോൾ ഒരു മതിൽ വ്യത്യാസത്തിൽ പോലും ഇതെല്ലം ഉണ്ട് . ആരാധനാലയത്തിൽ പോകേണ്ടവർക്കു അങ്ങോട്ട് പോകാം മദ്യ ഷാപ്പിൽ പോകേണ്ടവർക്കു അങ്ങോട്ട് പോകാം . ആരും ആരെയും തടയില്ല.

റോഡരികിൽ മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത ഫുട്പാത്തിനോട് ചേർന്ന് കൊച്ചു കൊച്ചു പുല്തകിടികൾ അതിൽ വളർന്നു നിൽക്കുന്ന ഈന്തപ്പനകൾ.
ഈന്തപ്പനകൾ എല്ലാം പൂവിട്ടിരിക്കുന്നു. തെങ്ങിൻ പൂക്കുല പോലെ. ചില കുലകളിൽ കായകൾ നാമ്പിട്ടിരിക്കുന്നു.
എനിക്കുള്ള ബസ് വരാൻ നേരമായി. ഞാൻ ദേര ക്ലോക്ക് ടവർ ലേക്കുള്ള ബസ്സിൽ കയറാൻ ക്യൂവിലേക്ക് പോയി.


തുടരും ...