എന്റെ പ്രവാസ ജീവിതം
സിദ്ദിക്കാടെ ട്രാവൽ ഏജൻസി യുടെ വിസിറ്റ് വിസയിലാണ് വന്നിട്ടുള്ളതു.
ഷാർജ എയർപോർട്ടിൽ സിദ്ദിക്ക തന്നെ നേരിട്ട് വന്നിട്ടുണ്ട് എന്നെ കൊണ്ടുപോകാൻ. എൻ്റെ ഉപ്പയുടെ സുഹൃത്താണ് സിദ്ദിക്ക. പുള്ളിയുടെ വീട്ടിലെ കാര്യങ്ങളൊക്കെ എൻ്റെ ഉപ്പയാണ് മേൽനോട്ടം. ആ സൗഹൃദത്തിന്റെ പിൻബലത്തിൽ കിട്ടിയതാണ് എനിക്ക് ഈ വിസിറ്റ് വിസ. എന്നെ നേരെ ദുബായിലേക്ക് കൊണ്ടുപോയി ജാഫ്‌ലിയാ എന്ന സ്ഥലത്താണ് സിദ്ദിക്കാടെ ഫ്ലാറ്റ്. മുനീറാത്തയും നാല് ആൺ കുട്ടികളും ആണ് അവിടെ ഉള്ളത് അബ്ദുല്ല, അബ്ദുറഹ്മാൻ, അബ്ദുറഹീം പിന്നെ അബ്ദുൽ അഹദും. ഏറ്റവും ചെറിയ കുട്ടിയാണ് അബ്ദുൽ അഹദ്, രണ്ടു വയസ്സ് ആണ് കാണും.
അബ്ദുൽ അഹദ് വളരെ പെട്ടന്ന് തന്നെ എൻ്റെ ചങ്ങാതി ആയി മാറി. മറ്റു മൂന്നുപേരെയും നാട്ടിൽ നിന്നുതന്നെ എനിക്ക് നന്നായി അറിയാം. കാരണം അവരുടെ അധ്യാപകൻ കൂടിയാണ് ഞാൻ. അവരുടെ വീട്ടിലെ കറണ്ട് പോയാൽ പോലും അവർ ഉപ്പാനെ തേടി എന്റെ വീട്ടിൽ വരാറുണ്ട്.
യഥാർത്ഥത്തിൽ സിദ്ദിക്കാനേ ഞാനും എന്നെ സിദ്ദിക്കയും കാണുന്നത് ഗൾഫിൽ വെച്ചാണ്. കുട്ടികൾ അവർക്കു പ്രിയപ്പെട്ട മാഷെ കുറിച്ച് പറഞ്ഞു പറഞ്ഞു എന്നെ കുറിച്ച് കേട്ടറിവ് മാത്രമേ സിദ്ദിക്കക്കു ഉണ്ടായിരുന്നുള്ളു.
അന്ന് രാത്രി തന്നെ, ഒരുമണിക്കുള്ള ഫ്ലൈറ്റിൽ മുനീറാത്തയും കുട്ടികളും നാട്ടിലേക്ക് പോവുകയാണ്. അവരങ്ങിനെയാണ് ഇടക്കിടക്ക് വന്നുപോയി കൊണ്ടിരിക്കും. നല്ല പക്വതയുള്ള സ്ത്രീ യാണ് മുനീറാത്ത. സൗമ്യം ധൈര്യം മാന്യത എല്ലാം അവർക്കു കൈമുതലാണ്.
നേരം രാത്രി പത്തുമണി, സിദ്ദിക്ക പറഞ്ഞു, നീ കുളിയെല്ലാം കഴിഞ്ഞു ഉറങ്ങിക്കോ, നല്ല യാത്രക്ഷീണം കാണും. ഞാൻ ഇവരെയും (ഭാര്യയെയും കുട്ടികളെയും) എയർപോർട്ടിൽ കൊണ്ടാക്കി വരാം. റ്റുബെഡ്റൂം ഫ്ലാറ്റ് ആണ് അവരുടേത്. അവർക്കെല്ലാവർക്കും ഉറങ്ങാൻ ഒരു ബെഡ്‌റൂം മതി. കുട്ടികളൊന്നും ഒറ്റയ്ക്ക് കിടക്കാൻ ആയിട്ടില്ല. മറ്റേ ബെഡ്‌റൂം എനിക്കായി അവർ അനുവദിച്ചു തന്നിരുന്നു. ഞാൻ കുളിയെല്ലാം കഴിഞ്ഞു ഉറങ്ങാൻ പോയി.
നേരത്തെ തന്നെ എഴുന്നേറ്റു. സുബഹി നിസ്കാരത്തിനു ശേഷം തലേ ദിവസത്തെ ന്യൂസ്‌പേപ്പർ വായിച്ചു. സിദ്ദിക്കയും എഴുന്നേറ്റിരുന്നു. രാവിലെ ഏഴു മണിക്കുതന്നെ ഞങ്ങൾ റെഡി ആയി. ബർദുബായ് ബസ്സ് സ്റ്റാൻഡിന്റെ മുന്നിൽ തന്നെ യാണ് സിദ്ദിക്കാടെ ഓഫീസ്. അത് എനിക്ക് ഗുണമായി, ജോലി തേടി ദുബായുടെ മുക്കിലും മൂലയിലും സഞ്ചരിക്കാനും തിരിച്ചു ബസ് സ്റ്റാൻഡിൽ വരാനും വൈകീട്ട് സിദ്ദിക്കയുടെ കൂടെ വീട്ടിലേക്കു പോകാനും അത് സൗകര്യമായി. ഏകദേശം ഇങ്ങനെ ഒന്നര മാസത്തോളം സിദ്ദിക്കയുടെ കൂടെ താമസിച്ചു. വൈകുന്നേരങ്ങളിൽ സിദ്ദിക്കന്റെ സുഹൃത്ത് അസ്സമാണിക്ക വരും. പുള്ളിയുടെ വക സ്പെഷ്യൽ കുക്കിങ് എല്ലാം ഉണ്ട്, മീൻ ചുട്ടതും ചിക്കെൻ ഗ്രില്ലും, കറിയും എല്ലാം ഉണ്ടാവാറുണ്ട്. കുബൂസ് തന്നെയാവും കഴിക്കാൻ.
അന്ന് ഇന്നത്തെ (01/ 01 / 2018) പോലെ സ്മാർട്ട് ഫോണും ഇന്റർനെറ്റും ഒന്നും വ്യാപകമായിട്ടില്ല. വലിയ വലിയ മാനേജര്മാരുടെയും അറബികളുടെയും കയ്യിൽ മാത്രം ഏരിയല് ഉള്ള വലിയ വയർലെസ്സ് സെറ്റ് പോലുള്ള മൊബൈൽ ഫോൺ കണ്ടിട്ടുണ്ട്. സാധാരണക്കാർ ടെലിഫോൺ ബൂത്ത് ആണ് ആശ്രയം. 30 ദിർഹം വിലയുള്ള ക്രെഡിറ്റ് കാർഡ് പോലെയുള്ള ചിപ്പ് ഘടിപ്പിച്ച കാർഡുകളാണ് ബൂത്തുകളിൽ ഉപയോഗിക്കുന്നത്. വലിയ ചാർജ് ആണ് സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല. കാർഡിലെ പൈസ കട്ടാവുന്നതു ഹൃദയമിടിപ്പോടെ ഡിസ്‌പ്ലേ സ്‌ക്രീനിൽ നോക്കി നിൽക്കും. പ്രത്യേകിച്ച് നാട്ടിലേക്ക് വിളിക്കുമ്പോൾ എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കണം ഇല്ലങ്കിൽ കാർഡ് കാലിയാകും. ഉപയോഗിച്ച കാർഡുകൾ റീചാർജ് ചെയ്യാൻ പറ്റില്ല അത് വലിച്ചെറിയുകയാണ് പതിവ്. മനോഹരമായ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള ബൂത്തുകാർഡുകൾ ശേഖരിക്കുന്ന ഹോബി എനിക്കുണ്ടായിരുന്നു.
ഒരു ബൂത്തുകാർഡ് ഞാനും വാങ്ങി. ദുബായിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെയും കസിൻ ബ്രതെർസിന്റെയും ഫോൺ നമ്പർ എന്റെ കയ്യിലുണ്ട് (ആർക്കും മൊബൈൽ ഫോൺ ഇല്ല) റൂമിലെ ലാൻഡ് ഫോൺ ആണ് എല്ലാവരും ആശ്രയിക്കുന്നത്. ചിലർക്കൊക്കെ പേജർ എന്ന് പേരുള്ള ഒരു സെറ്റ് ഉണ്ട്. അത് ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്.
ആദ്യം ജലീലിനെ (ആലി കുഞ്ഞാപ്പന്റെ മകൻ)വിളിച്ചു ദേരയിലെ വട്ടംകുളത്തുകാർ ഒന്നിച്ചുതാമസിക്കുന്ന ഒരു റൂം ഉണ്ട്. അവിടെയാണ് അവൻ താമസിക്കുന്നത് . അവൻ ബസ് നമ്പർ, ഇറങ്ങേണ്ട സ്റ്റോപ്പ് എന്നിവ പറഞ്ഞു തന്നു. അവനു ഓഫീസിൽ പോകാൻ സമയമായി റൂമിൽ വന്നു ഉച്ചവരെ വെയ്റ്റ് ചെയ്യണം ഉച്ചക്ക് ഒരുമണി മുതൽ നാല് മണി വരെ ബ്രേക്ക് ഉണ്ട് അപ്പോൾ കാണാം നാട്ടിലെ വിശേഷങ്ങൾ എല്ലാം അപ്പോൾ പറയാം.
ഷാഹുവിനെ എല്ലാം പറഞ്ഞു ഏൽപ്പിച്ചു അവൻ ജോലിക്കു പോയിരിക്കുന്നു.
ഷാഹു വട്ടംകുളത്തുള്ള മൊയ്തുക്കന്റെ മകനാണ്. അവനു ജോലി ഇല്ല. ജോലി അന്വേഷിക്കലാണ് ഇപ്പോഴത്തെ ജോലി പക്ഷെ അവൻ സ്ഥിരം വിസകാരനാണ്. ദേരയിൽ എത്തിയപ്പോൾ പത്തുമണി കഴിഞ്ഞു കാണും.
ഷാഹു ബസ്റ്റോപ്പിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പീക്കാക്കാ .. എന്ന സ്ഥിരം സ്നേഹോഷ്മള വിളിയോടെ അവൻ ആലിംഗനം ചെയ്തു സ്വീകരിച്ചു.
എന്നെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി. ജോലി അന്വേഷകരായ വേറെയും രണ്ടുമൂന്നു പേര് അവിടെ ഉണ്ടായിരുന്നു. ഷാഹു ബ്രെക് ഫാസ്റ്റ് റെഡി ആക്കി ഒരു ഗോതമ്പുനിറത്തിലുള്ള വലിയ പത്തിരി. ഒരു വട്ടചെമ്പട്ടി മൂടിയുടെ വട്ടമുണ്ട്. ഇതിന്റെ പേരാണ് കുബൂസ്. അത് പകുതിയാക്കി മുറിച്ചു ഒരു മുറി എനിക്ക് തന്നു. ഞാൻ ആദ്യമായി ആണ് കുബൂസ് കാണുന്നത്. ഒരു കഷ്ണം പൊട്ടിച്ചു വായിലിട്ടു ചവച്ചു തിന്നുനോക്കി ഒരു ടേസ്റ്റും ഇല്ല. അരിയും അല്ല ഗോതമ്പും അല്ല മൈദയും അല്ല. ഈ രുചി ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുമില്ല. എടാ അത് അങ്ങിനെ അല്ല തിന്നേണ്ടത്. ദാ ഇതുപോലെ ഒരു കഷ്ണം പൊട്ടിച്ചു ഈ കറിയിൽ മുക്കി തിന്നണം, ഷാഹു കാണിച്ചു തന്നു. സോസേജ് എന്ന് വിളിക്കുന്ന ഒരു തരം വിഭവം നാലണ വലിപ്പത്തിൽ വട്ടത്തിൽ ഇറച്ചി മസാലയിൽ വേവിച്ച ഒരു വിഭവം,ഇതിൽ മുക്കി വേണം തിന്നാൻ. തിന്നു നോക്കി നല്ല ടെസ്റ്റ് ഉണ്ട്. നോൺ വെജിറ്റേറിയൻ ആയ സാധാരണക്കാർക്ക് ചുരുങ്ങിയ ചിലവിൽ പ്രാപ്യമായ ഒരു ഭക്ഷണമാണ് ഇത് എന്ന് എനിക്ക് പിന്നീട് ബോധ്യമായി. ചിക്കൻ ഫ്രാങ്ക് എന്നാണ് ഇതിന്റെ പേര് പാശ്ചാത്യർ ഇത് വാങ്ങി ഒന്ന് ഡീഫ്രോസ് ചെയ്തു അങ്ങിനെ തന്നെ കഴിക്കും. അവർ വിളിക്കുന്ന പേര് ഹോട്ട് ഡോഗ് എന്നാണ്. നമ്മൾ പിന്നെ എന്തും മലബാരിഫിക്കേഷൻ ചെയ്യുമല്ലോ !!
നാട്ടിൽഒരു കൊല്ലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പുത്തനത്താണി എന്നാ സ്ഥലത്തിന് അടുത്തുള്ള കടുങ്ങാത്തുകുണ്ഡ് ഗവർമെന്റ് വെകേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ. പിന്നെ ഒരുകൊല്ലം ബാംഗ്ലൂരിൽ എസ് എ റൗതെർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിട്ടുണ്ട്. അപ്പൊ ഈ രണ്ടു മേഖലകളിലേതിലെങ്കിലും ജോലിക്കു ശ്രമിക്കണം. നാട്ടിൽ നിന്ന് ബയോഡാറ്റ ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്. ദുബായിലെ ഒട്ടുമിക്ക സ്‌കൂളുകളിലും എന്റെ ബയോഡാറ്റ കാണും. എല്ലവരും വാങ്ങിവെച്ചു. ചിലർ മുഖത്ത് നോക്കി തന്നെ ചില സത്യങ്ങൾ പറഞ്ഞു, താങ്കൾക്ക് ഗൾഫ് എക്സ്പെരിയൻസ് ഇല്ല. അങ്ങിനെ ഒരു സ്‌കൂളുകാരും ഒരു ഇന്റർവ്യൂ നു പോലും വിളിച്ചില്ല. യഥാർത്ഥത്തിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നെ കണ്ടാൽ ഒരു ഒരു മാഷാണ് എന്ന് ആര്ക്കും തോന്നുകയില്ല. എന്റെ വയനാട്ടിലെ മൂത്താപ്പത്തന്നെ എന്നെ കുട്ടിമാഷ് എന്നാണ് വിളിച്ചിരുന്നതല്ലോ. പിന്നെ എന്റെ അടുത്ത ശ്രമം അക്കൗണ്ടന്റ് ആയി ശ്രമിക്കാൻ ആയി. ആ ശ്രമവും പാളി കാരണം എനിക്ക് ബികോം ഇല്ല ബി സ് സി മാത്‍സ് ആണ്. പിന്നെ എന്റെ ശ്രമം കിട്ടിയ ജോലിക്ക് കയറുക എങ്ങിനെയെങ്കിലും വിസ അടിച്ചു എന്ത് കഷ്ടപ്പാട് സഹിച്ചും ഒരു കൊല്ലം പിടിച്ചു നിൽക്കുക.
ആഴ്ചകളും മാസങ്ങളും കടന്നുപോയി ഭക്ഷണത്തിനും യാത്രക്കും ടെലിഫോണിനും ഫോട്ടോകോപ്പി എന്നീ ചെലവുകൾക്ക് കൂട്ടുകാരുടെ അടുത്തുനിന്നും ബന്ധുക്കളുടെ അടുത്തുനിന്നും കടം വാങ്ങാൻ തന്നെ ലജ്ജ തോന്നി തുടങ്ങി. ചെലവ് ചുരുക്കാൻ ചില കർശന തീരുമാനമെടുത്തു. ബസ് യാത്ര ഒഴിവാക്കി നടത്തം ശീലിച്ചു. റാശിദീയയിൽ നിന്നും ബർദുബായ് വരെ ഒക്കെ നടന്നിട്ടുണ്ട്. കഠിനമായ ചൂടിൽ ദാഹിക്കുമ്പോൾ പള്ളികളിൽ നിന്ന് പൊതു ടാപ്പിൽ നിന്ന് വെള്ളം കുടിക്കാൻ തുടങ്ങി. ബ്രെക് ഫാസ്റ്റ് ഒക്കെ ആദ്യമേ ഒഴിവാക്കിയിരുന്നു. ഗൾഫിൽ മിക്ക ആൾക്കാരും രാവിലെ ഒന്നും കഴിക്കാറില്ല എന്നത് ഒരു സത്യം കൂടിയാണ്.
ആയിടക്കാണ് പേപ്പറിൽ ഒരു പരസ്യം കണ്ടത്. അരാംകൊ കമ്പനിയിൽ ഓഫീസ് ബോയ് ആവശ്യമുണ്ട്. വാക് ഇൻ ഇന്റർവ്യൂ. ലൊക്കേഷൻ എല്ലാം വിളിച്ചു ചോദിച്ചറിഞ്ഞു കറാമ എന്ന സ്ഥലത്തുള്ള അവരുടെ പ്രധാന ഓഫീസിൽ നിശ്ചിത സമയത്തുതന്നെ എത്തി. അവിടെ കണ്ട ആൾകൂട്ടം കണ്ടു ഞാൻ ഞെട്ടിപ്പോയി. പുതിയ സിനിമ റിലീസ് ആവുന്ന ദിവസം പോലും ഇത്രയധികം ആൾക്കാർ തിരക്ക് കൂട്ടുന്നത് കണ്ടിട്ടുണ്ടാവില്ല. തൊഴിലില്ലായ്മ കേരളത്തിലല്ല ദുബായിലാണ് കൂടുതൽ എന്ന് എനിക്ക് തോന്നി. വന്നവരിൽ കൂടുതൽ മലയാളികൾ തന്നെ. എന്നെ പോലുള്ള ഡിഗ്രി ക്കാരും പോസ്റ്റ് ഗ്രാജുവേറ്റ് കാരും എല്ലാം ഓഫീസ് ബോയ് ജോലിക്കു തിരക്ക് കൂട്ടുന്നു. അവസാനം അവർ വിളിച്ചു പറഞ്ഞു അറബിക് അറിയുന്നവർ മാത്രം നിൽക്കുക അല്ലാത്തവർക്ക് പോകാം. കുറച്ചു പേര് പോയി. എനിക്ക് അറബിക് അറിയില്ല എങ്കിലും വായിക്കാൻ അറിയാമല്ലോ ഞാൻ അവിടെ തന്നെ നിന്നു. ഞാൻ മുന്നിലും പിന്നിലും നോക്കി മഹാസമ്മേളനത്തിനുള്ള ആൾക്കാർ ഇപ്പോഴും ഉണ്ട്. വീണ്ടും അവർ വിളിച്ചു പറഞ്ഞു ചുരുങ്ങിയത് മൂന്നു കൊല്ലം പരിചയമുള്ളവർ നിൽക്കുക അല്ലാത്തവർക്ക് പോകാം.
ഞാൻ പോയില്ല കാരണം എനിക്ക് എങ്ങിനെയെങ്കിലും ജോലി കിട്ടണം. വീണ്ടും അവർ വിളിച്ചു പറഞ്ഞു ട്രാൻസ്ഫറാബിൽ വിസ ഉള്ളവർ മാത്രം നിൽക്കുക അല്ലാത്തവർക്ക് പോകാം. എന്റെ വിസിറ്റ് വിസ ആണ് ട്രാൻസ്ഫെറബ്ൾ വിസ അല്ല പക്ഷെ ഞാൻ പോയില്ല കാരണം എനിക്ക് ജോലി കിട്ടാതെ നാട്ടിലേക്ക് തിരിച്ചു പോകാൻ ആലോചിക്കാൻ പോലും വയ്യ.
വീട്ടുകാരും നാട്ടുകാരും എന്നെ യാത്രയാക്കിയത് ഗൾഫിൽ ജോലി ചെയ്യാൻ പോകുന്നു എന്ന രീതിയിലാണ്. ടിക്കറ്റിന്റെ പൈസപോലും ഉപ്പ ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കിയതാണ്. വീണ്ടും അവർ വിളിച്ചു പറഞ്ഞു ഇനി ഇവിടെ നിൽക്കുന്നവർ സി വി ഇവിടെ സബ്മിറ്റ് ചെയ്യുക. എല്ലാവരെയും ഇന്റർവ്യൂ ചെയ്യാൻ സാധ്യമല്ല. നിങ്ങളുടെ സി വി സ്ക്രീനിംഗ് ശേഷം നിങ്ങളെ വിളിക്കുന്നതാണ്. എന്നെ വിളിച്ചോ വിളിച്ചില്ലയോ എന്നൊന്നും അറിഞ്ഞില്ല കാരണം റൂമിലെ ലാൻഡ് ഫോൺ അറ്റൻഡ് ചെയ്യാൻ ആരും അവിടെ ഉണ്ടാവില്ലല്ലോ.
ജീവിതത്തിലെ പ്രവാസി പാഠം ഒന്നൊന്നായി ഞാൻ പഠിക്കുക്കയായിരുന്നു.
ഇല്ല ഇനി ഒരു ഇന്റർവ്യൂ വിലും പോകേണ്ടതില്ല. എങ്ങിനെയെങ്കിലും പണം കൊടുത്തു ഒരു വിസ വാങ്ങാം പിന്നെ സ്ഥിരം വിസ ആയല്ലോ. എന്തെങ്കിലും ജോലി കിട്ടും ഇല്ലങ്കിൽ എവിടെയെങ്കിലും ട്യൂഷൻ എടുത്തെങ്കിലും ജീവിച്ചു പോകാം.നല്ല ജോലി കിട്ടിയാൽ വിസ മാറുകയും ചെയ്യാം. അതിനുള്ള ശ്രമം തുടങ്ങി. അജ്‌മാൻ വിസ ആറായിരം ദിർഹം കൊടുത്താൽ കിട്ടും ജാബിർ (അമ്മായിയുടെ മകൻ) പറഞ്ഞു.
ആയിടക്ക് ഷാർജ അൽ മദീന സൂപ്പർ മാർക്കറ്റിൽ ഒരു ജോബ് ഓഫർ വന്നു. മുവ്വായിരം ദിർഹം കൊടുക്കണം. രണ്ടു കൊല്ലം ജോലി ചെയ്യണം വേറെ ജോലി കിട്ടിയാൽ റിലീസ് തരില്ല. നമ്മൾ ചാടി പോകാതിരിക്കാനാണ് ഈ മുവ്വായിരം.രണ്ടു കൊല്ലം കഴിഞ്ഞു അത് തിരിച്ചു തരും.
പക്ഷെ ഈ ഓഫർ എനിക്ക് ഇഷ്ടമായില്ല. നല്ല ജോലി കിട്ടിയാൽ മാറുന്നതാകയാൽ അജ്‌മാൻ വിസ തന്നെ ആകും നല്ലതു എന്ന് എനിക്ക് തോന്നി. പന്തണ്ട് പേരിൽ നിന്നും അഞ്ഞൂറ് ദിർഹം കടം വാങ്ങിയാൽ ആറായിരം ആയി. ഓരോ മാസവും ഓരോരുത്തർക്ക് അഞ്ഞൂറ് ദിർഹം തിരിച്ചു നൽകിയാൽ ഒരു കൊല്ലം കൊണ്ട് കടം വീട്ടാം. പ്രതീക്ഷിച്ച പലരും സഹായിക്കാൻ വാക് തന്നില്ല. പ്രതീക്ഷിക്കാത്ത പലരും സഹായിക്കുകയും ചെയ്തു.
ഞാൻ എന്റെ പ്ലാൻ സിദ്ദിക്കയുമായി പങ്കുവെച്ചു അപ്പോൾ സിദ്ദിക്ക മറ്റൊരു ഓഫർ എനിക്ക് തന്നു. അദ്ദേഹത്തിന്റെ ട്രാവെൽസ് ൽ അക്കൗണ്ടന്റ് ഇല്ല. അവിടെ ട്രാവൽ അക്കൗണ്ടന്റ് ആയി ജോലി തരാം. വിസ അടിക്കാനുള്ള കാശ്,വിസ ചേഞ്ച് നു കിഷ് ഐലൻഡ് പോകാനുള്ള കാശു എല്ലാം ഞാൻ കൊടുത്താൽ മതി. മാത്രമല്ല എനിക്ക് നല്ല ജോലി കിട്ടുമ്പോൾ റിലീസ് തരാം.
ആയിരത്തി ഇരുനൂറു ദിർഹം ശമ്പളം . ഭക്ഷണം താമസം യാത്ര ഒന്നും ഇല്ല .
ഇത് ഞാൻ അംഗീകരിച്ചു ഭക്ഷണം താമസം യാത്ര എന്നിവക്ക് എഴുനൂറു ദിർഹം ചെലവ് വരും എങ്കിലും അഞ്ഞൂറ് ദിർഹം ബാക്കി കിട്ടുമല്ലോ . ഒരു കൊല്ലം കൊണ്ട് എന്റെ കടം വീടികിട്ടും. മാത്രമല്ല എനിക്ക് നല്ല ജോലി കിട്ടുമ്പോൾ റിലീസ് കിട്ടുകയും ചെയ്യും.
തുടരും ...