Tuesday, February 20, 2018

സമയത്തിന്റെ പ്രാധാന്യം

ഒരു ഗ്രാമത്തിൽ ദരിദ്രനായ ഒരു മുക്കുവൻ താമസിച്ചിരുന്നു.
മീൻ പിടിച്ചു വിറ്റും കൂലിവേല ചെയ്‌തും ആയിരിന്നു അയാൾ ജീവിതം തള്ളി നീക്കിയിരുന്നത്.

ഒരുദിവസം കറി വെക്കാനായി മത്സ്യം നന്നാക്കി കൊണ്ടിരിക്കുകയായിരുന്ന മുക്കുവന്റെ ഭാര്യക്ക് മത്സ്യത്തിന്റെ ഉദരത്തിൽ ഇന്ന് ഒരു രത്‌നക്കല്ല് കിട്ടി .

മുക്കുവന്റെ ഭാര്യ മുക്കുവനോട് പറഞ്ഞു "നിങ്ങൾ ഇത് കൊണ്ടുപോയി മാർകെറ്റിൽ വിൽക്കൂ നമ്മുടെ ദാരിദ്ര്യം മാറികിട്ടാൻ ഈ രത്‌നം മതി. ഇത് ദൈവമായിട്ട് നമുക്ക് കൊണ്ടുവന്നതാണ്.

പിറ്റേ ദിവസം തന്നെ മുക്കുവൻ രത്നവുമായി ഒരു രത്‌നവ്യാപാരിയെ പോയി കണ്ടു. രത്‌നം പരിശോധിച്ചശേഷം രത്ന വ്യാപാരി പറഞ്ഞു " ഇത് വളരെ വിലപിടിച്ച രത്‌നമാണ് ഇത് വാങ്ങാനുള്ള സമ്പത്ത് എനിക്കില്ല, നിങ്ങൾ ഇതുമായി ഗവർണറെ പോയി കാണു, ഒരു പക്ഷെ ഒരു നല്ല വില നിങ്ങള്ക്ക് അയാൾ തന്നെന്നിരിക്കും"

മുക്കുവൻ ര്തനവുമായി പ്രവിശ്യ ഗവർണറെ പോയി കണ്ടു. ഗവർണർ പറഞ്ഞു " ഇത് വളരെ വിലപിടിച്ച രത്‌നമാണ് ഇത് വാങ്ങാനുള്ള സമ്പത്ത് എനിക്കില്ല അതുകൊണ്ട് നിങ്ങൾ രാജാവിനെ പോയി കാണൂ".

മുക്കുവൻ ഏഴു ദിവസം യാത്രചെയ്തു രാജാവിന്റെ അടുത്തെത്തി. രത്‌നം വാങ്ങി നോക്കിയശേഷം രാജാവ് പറഞ്ഞു " ഇത് വിലമതിയ്ക്കാനാവാത്ത രത്നമാണ്, ഇതിന്റെ മൂല്യം എനിക്ക് നിശ്ചയിക്കാൻ സാധ്യമല്ല, നിങ്ങൾ ഒരു കാര്യം ചെയ്യൂ, ഞാൻ നിങ്ങൾക്ക് എന്റെ കാലവറയുടെ താക്കോൽ നൽകാം, കലവറയിൽ പണവും സ്വർണവും ധ്യാന്യങ്ങളും പഴവര്ഗങ്ങളും എല്ലാം ഉണ്ട്, നിങ്ങള്ക്ക് മതിയാവോളം എന്തു വേണമെങ്കിലും എടുക്കാം, പക്ഷെ എല്ലാം ആര് മണിക്കൂർ സമയത്തിനുള്ളിൽ ആവണം".

മുക്കുവന് സന്തോഷമായി. ആറുമണിക്കൂർ സമയം യഥേഷ്ടമാണ് സ്വർണവും പണവും എല്ലാം എടുക്കുന്നതിനു മുൻപ് വേണമെങ്കിൽ ഒന്ന് ഉറങ്ങി എഴുന്നേൽക്കാൻ സമയമുണ്ട്.

മുക്കുവൻ കലവറ തുറന്ന് അകത്തു കയറി വിശപ്പുകാരണം പഴവർഗങ്ങൾ ധാരാളം ഭക്ഷിച്ചു ഏഴുദിവസത്തെ യാത്രക്ഷീണം കൂടിയായപ്പോൾ ഒന്ന് നന്നായി ഉറങ്ങി. വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് മുക്കുവൻ ഉണർന്നത്. വാതിൽ തുറന്ന മുക്കുവൻ ഞെട്ടിപ്പോയി. കാലവറയുടെ കാവൽക്കാർ ആണ്. " നിങ്ങൾക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു, അവർ പറഞ്ഞു".

"അയ്യോ ഞാൻ ഒന്നും ഇതുവരെ എടുത്തില്ല, ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി. എനിക്ക് കുറച്ചുകൂടി സമയം തരൂ " മുക്കുവൻ അവരോട് യാചിച്ചു . പക്ഷെ കാവൽക്കർക്കു ഒന്നും ചെയ്യാനാകില്ല എന്ന് അറിഞ്ഞതോടുകൂടി മുക്കുവൻ ആകെ തളർന്നു വെറും കയ്യോടെ തിരിച്ചു പോയി.

ഗുണപാഠം -
എല്ലാവര്ക്കും ഒരു സമയമുണ്ട്. തിരിച്ചുകിട്ടാത്ത സമയം .  സംമ്പാദിക്കാൻ ഉള്ള സമയമാണ് അത്. രാജാധിരാജൻ തന്ന യവ്വനം.


Wednesday, January 31, 2018

ഞാൻ കണ്ട ദുബായ്

ഞാൻ കണ്ട ദുബായ്


1999 ജനുവരി 24 നു ആണ് ഞാൻ ദുബായിയിൽ വന്നത്. തൊട്ടടുത്ത ദിവസം ബർദുബൈ ബസ് സ്റ്റേഷനിൽ നിന്ന് ദേരയിലേക്കു പോകാൻ ബസ് കാത്തു നിൽക്കുകയാണ് . 
മുകൾഭാഗം തുറന്ന, മരത്തിൽ പണിത പെർഗോളയാണ് മേൽക്കൂര. ബസ് വന്നു നിൽക്കുന്ന ഭാഗത്തുള്ള കാത്തിരിപ്പു സ്ഥലം ആണ് ഇത്. ഇരിപ്പിടം എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്, എല്ലാം മരത്തിൽ തന്നെ പണി തീർത്തത്. കണ്ടാൽ ഒരു പൗരാണികത തോന്നും. പക്ഷെ എല്ലാം പുതിയ നിർമിതിയാണ്. ബസ്റ്റാൻഡിന്റെ നടുവിലായി കോൺക്രീറ്റിൽ പണിത പ്രധാന കെട്ടിടം.  മൂന്ന് ഭാഗത്തുകൂടെ അകത്തേക്ക് പ്രവേശിക്കാം. അകത്തേക്ക് പ്രവേശിച്ചാൽ മധ്യഭാഗം ഓപ്പൺ ആണ് നടുവിലായി ചെറിയ നടുമുറ്റം.  ഓപ്പൺ നടുഭാഗത്തുനിന്നു പ്രവേശിക്കാവുന്ന രീതിയിൽ ഇരുവശങ്ങളിലും രണ്ടു കഫെറ്റീരിയകൾ  (കഫെറ്റീരിയ എന്ന് ഞാൻ കേൾക്കുന്നത് ആദ്യമായിട്ടാണ്. നാട്ടിലൊക്കെ ടീസ്റ്റാൾ എന്നാണ് പറയാറ്). പുറത്തു ഷവർമ കൌണ്ടർ സെറ്റ് ചെയ്തിരിക്കുന്നു. ദുബായി ബസ്റ്റാന്റിന്റെ ഈ ഹൃദയഭാഗത്തുള്ള കഫെറ്റീരിയകൾ മലയാളികളുടെ ഉടമസ്ഥതയിലാണ്. ഒരുഭാഗത്തു ഒരു ചെറിയ ഇൻഫർമേഷൻ ഓഫീസ്. മൂന്നാമത്തെ ഭാഗത്തു ശൗച്യാലയം. 

ബസ്റ്റാൻഡിന്റെ ഒരുഭാഗത്തു അബുദാബിയിലേക്ക് പോകാനുള്ള ഷെയർ ടാക്സി യാത്രക്കാരെ വിളിച്ചു കയറ്റുന്നു. അബുദാബിയിൽ നിന്ന് വരുന്ന യാത്രക്കാർ വേറെ ഒരു മോഡൽ ടാക്സിയിലാണ് വന്നു ഇറങ്ങുന്നത്. അതിലെ ഡ്രൈവർമാർ എല്ലാം പട്ടാണികളാണ് (പാകിസ്താനിലെ പശ്‌തു ഭാഷ സംസാരിക്കുന്നവർ ). അബുദാബിയിൽ നിന്ന് വന്ന ടാക്സിയിൽ തിരിച്ചു ആളെ കയറ്റുന്നില്ല. പിന്നീട് ആണ് മനസ്സിലായത് അബുദാബി ടാക്സിക്കാർക്കു ദുബായിൽ നിന്ന് ആളെ എടുക്കാൻ അനുവാദം ഇല്ല. അവർ കാലിയായി തിരിച്ചുപോകണം. അതുപോലെ തന്നെയാണ് ദുബായ് ടാക്സിക്കാർക്ക് അബുദാബിയിൽ നിന്നും കാലിയായി തിരിച്ചുവരണം (പക്ഷെ അവർ വഴിയിൽ നിന്നും ആളെ കയറ്റുന്നത് ഒരു പരസ്യമായ രഹസ്യം).

ലണ്ടൻ ടാക്സിയുടെ ഒരു മാതൃക 
വേറെയൊരു ഭാഗത്തു ലണ്ടൻ ടാക്സി എന്നറിയപ്പെടുന്ന കാർ സത്‌വ യിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റുന്നു. ലണ്ടൻ ടാക്സി കാണാൻ ഒരു വ്യത്യസ്തത ഉണ്ട് . കണ്ടാൽ കൗതുകം തോന്നുന്ന ഒരു മോഡൽ കാർ. യാത്രക്കാർ മുഖാമുഖം ആണ് ഇരിക്കുന്നത്. പത്തിലധികം പേരെ അതിലും കയറ്റുന്നുണ്ട്.
ക്യൂ വിന്റെ പുറകിൽ സത്‌വയിൽ നിന്ന് തിരിച്ചു വരുന്നവരെ വേറെ ലണ്ടൻ ടാക്സി കൊണ്ടുവന്നു ഇറക്കുന്നുമുണ്ട്.

ബസ്സ് കത്ത് നിൽക്കുന്നവർ എല്ലാം ക്യൂ പാലിച്ച് അച്ചടക്കത്തോടെ നിൽക്കുന്നു. ബസ്സ് വരുന്നതുവരെ ക്ഷമയോടെ നിൽക്കും. പൊലീസോ അധികാരികളോ ആരും നിയന്ത്രിക്കുന്നില്ല. എല്ലാം നോട്ടീസ് ബോർഡിൽ എഴുതിയിട്ടിരിക്കുന്നു. 

ഞാൻ ബസ്റ്റാൻഡ് ഒന്ന് ചുറ്റിക്കണ്ടു. തിരക്കൊഴിഞ്ഞ ഒരു ഭാഗത്തു ഒരു വട്ടമേശയിട്ട് വൃദ്ധരായ അറബികൾ ചീട്ടുകളിക്കുന്നു. താഴെ അവരുടെ കസേരക്ക്‌ അരികിൽ ഒരു നാടൻ തെരുവ് നായ. അവർ ഇട്ടുകൊടുക്കുന്ന എച്ചിൽ കഷ്ണങ്ങൾ ഭക്ഷിച്ചു ആരെയും ഉപദ്രവിക്കാതെ വളരെ അനുസരണയോടെ ചുറ്റിക്കറങ്ങുന്നു. ഈ കാഴ്ച എന്നിൽ വളരെ ആശ്ചര്യം ഉളവാക്കി. നാട്ടിൽ ചീട്ടുകളി കുറ്റകൃത്യമാണ്. നാട്ടിൽ ചീട്ടുകളി കണ്ടു നിന്നവർക്കുപോലും പോലീസിന്റെ തല്ല് കിട്ടിയിട്ടുണ്ട്. ഇവിടെ ദുബായിൽ ഇതാ പൊതുസ്ഥലങ്ങളിൽ പരസ്യമായി പോലീസിന്റെ മൂക്കിനു താഴെ ചീട്ടുകളിക്കുന്നു. അറബിവേഷം അച്ചന്മാരുടെയും മുസ്ലിയാക്കന്മാരുടെയും ഒക്കെ വേഷമാണ്. മുസ്ലിയാക്കന്മാർ നായയെ തൊട്ടാൽ ഏഴു  പ്രാവശ്യം മണ്ണിട്ട് കൈ കഴുകണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്. ഇവിടെ ഇതാ ബാങ്കുവിളിച്ചാൽ കൃത്യമായി അഞ്ചു നേരം പള്ളിയിലേക്ക് പോകുന്ന ശുഭ വസ്ത്രധാരികൾ ചീട്ടു കളിക്കിടയിൽ നായയെ താലോലിക്കുന്നു.

ബസ്റ്റാൻഡിന്റെ കിഴക്കുവശത്തു് താത്കാലിക നമസ്കാര പള്ളി. പോർട്ടാകാബിൻ ആണ് അംഗശുദ്ധി വരുത്താനുള്ള സൗകര്യം ഉണ്ട് പക്ഷെ ശൗച്യാലയം ബസ്‌സ്റ്റാന്റിന്റെ തന്നെയാണ് പൊതുവായി ഉള്ളത്. അതുകൊണ്ട്   ശൗച്യാലയം എപ്പോഴും തിരക്കാണ്. പട്ടാണികൾ ശൗചാലയത്തിൽ പ്രവേശിച്ചാൽ കൈകൊട്ടും. ഇത് ഒരു സിഗ്നൽ ആണ്. പുറത്തു ആൾ വെയ്റ്റിംഗ് ആണ് എന്ന് ടോയ്‌ലെറ്റിൽ ഉള്ളവരെ അറിയിക്കാനുള്ള സിഗ്നൽ.
എത്ര തിരക്കുണ്ടെങ്കിലും ബസ്സ്റ്റാൻഡിലെ ടോയ്ലറ്റ് ആയാലും മുനിസിപ്പാലിറ്റി ജീവനക്കാർ എപ്പോഴും വൃത്തിയാക്കി കൊണ്ടിരിക്കും . ശുചിത്വം ദുബായുടെ മുഖമുദ്രയാണ്.

ബസ്റ്റാൻഡിന്റെ തെക്കു കിഴക്കു മൂലയിൽ ഹോട്ടൽ പെനിൻസുല ബാർ അറ്റാച്ചഡ് ഹോട്ടൽ ആണ്. ആരാധനാലയത്തിൽ നിന്ന് അഞ്ഞൂറ് മീറ്റർ ദൂരത്തെ നാട്ടിൽ മദ്യ വില്പന അനുവദിക്കൂ എന്നാൽ ദുബായിൽ വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തും ചിലപ്പോൾ ഒരു മതിൽ വ്യത്യാസത്തിൽ പോലും ഇതെല്ലം ഉണ്ട് . ആരാധനാലയത്തിൽ പോകേണ്ടവർക്കു അങ്ങോട്ട് പോകാം മദ്യ ഷാപ്പിൽ പോകേണ്ടവർക്കു അങ്ങോട്ട് പോകാം . ആരും ആരെയും തടയില്ല.

റോഡരികിൽ മനോഹരമായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത ഫുട്പാത്തിനോട് ചേർന്ന് കൊച്ചു കൊച്ചു പുല്തകിടികൾ അതിൽ വളർന്നു നിൽക്കുന്ന ഈന്തപ്പനകൾ.
ഈന്തപ്പനകൾ എല്ലാം പൂവിട്ടിരിക്കുന്നു. തെങ്ങിൻ പൂക്കുല പോലെ. ചില കുലകളിൽ കായകൾ നാമ്പിട്ടിരിക്കുന്നു.
എനിക്കുള്ള ബസ് വരാൻ നേരമായി. ഞാൻ ദേര ക്ലോക്ക് ടവർ ലേക്കുള്ള ബസ്സിൽ കയറാൻ ക്യൂവിലേക്ക് പോയി.


തുടരും ... 

Saturday, May 20, 2017

WHO IS REALLY CRAZY !

OLD CRAZY ROUNDABOUT
It is very interesting to know the names of signals and roundabouts of Qatar, especially the name Crazy Signal. There are Sword signal, Slope roundabout, Pearl roundabout, Toyota signal, Gulf Cinema signal, Holiday Villa signal, Ramada signal, Mall signal, etc. but all these are named after a landmark. But why a signal is called crazy? 

I asked many senior residents in Qatar about this, the answer was quite amazing. Somebody said, the drivers here are too crazy but this was not the reason. 

This was a big roundabout consisting of two small roundabouts inside. You can say a combination of multiple roundabouts. It was under utter confusion, disorder and very tricky for the commuters especially for those who crossing it for the first time. Hence people started calling this roundabout as crazy roundabout, Dawar Al Karbata or Dawar Al Majnoon. 
CRAZY SIGNAL (25-2-2017)

Many motorists would never cross it. They would get into it and take free right and from the next roundabout they make u turn and come back to the same crazy roundabout and then turn right again and so on until the right turn was the one they wanted. 

Around 16 years before this roundabout was demolished and made one single big roundabout. But the name remained the same as crazy roundabout, Dawar Al Karbata or Dawar Al Majnoon.


During infrastructure development for Asian Games 2006, this single roundabout was also demolished and made the present signal. But again the name continued as “CRAZY SIGNAL". 


Saturday, February 18, 2017

എൽ. പി. ജി... നിങ്ങൾ അറിയേണ്ടത്

എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്..
എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും..
ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് ഒരു നിമിഷം കൊണ്ട് നമ്മുടെ കുടുംബത്തെ മുഴുവൻ ചുട്ട് ചാമ്പലാക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞാൽ എൽ.പി.ജി യുമായി അടുത്തിടപഴകുന്ന വീട്ടമ്മമാർക്കും എൽ.പി.ജിയെ കുറിച്ച് അറിയാത്ത സാധാരണക്കാർക്കും അതൊരു കള്ളമായോ അല്ലെങ്കിൽ പേടിപ്പിക്കലായോ അതുമല്ലെങ്കിൽ പൊലിപ്പിച്ചു പറയാലായോ ഒക്കെ തോന്നാം.. പക്ഷേ കൂട്ടുകാരേ അത് സത്യമാണ്. ചെറിയ സിലിണ്ടറിൽ നിറച്ചിരിക്കുന്ന 25 മുതൽ 30 ലിറ്റർ വരെയുള്ള എൽ.പി.ജി മതി നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതവും ജീവനും എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ..
എൽ.പി.ജി ലീക്ക്ആയിക്കഴിഞ്ഞാൽ എങ്ങനെയാണ് അത് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് എന്നും ഇത്രയും വലിയ അപകടം ക്ഷണിച്ച് വരുത്താൻ എൽ.പി.ജി എങ്ങിനെയാണ് കാരണമാകുന്നത് എന്നുമാണ് ആദ്യം പറയുന്നത്..
എൽ.പി.ജി.ക്ക് അന്തരീക്ഷവായുവിനെക്കാൾ സാന്ദ്രത അല്ലെങ്കിൽ ഭാരം കൂടുതലാണ്. അത് കൊണ്ട് തന്നെ എൽ.പി.ജി ലീക്കായി കഴിഞ്ഞാൽ വാതകത്തിന് അന്തരീക്ഷവായുവുമായി പെട്ടെന്ന് കലരാനോ വളരെവേഗം അന്തരീക്ഷവുമായി ലയിച്ച് ചേരാനോ കഴിയില്ല. ആയതിനാൽ സ്വാഭാവികമായും ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിൽ പറയുന്നതനുസരിച്ച് അന്തരീക്ഷ വായുവിനെക്കാൾ എൽ.പി.ജിക്ക് ഭാരം കൂടുതൽ ആയത് കൊണ്ട് തന്നെ എൽ.പി.ജി ഒരു നിശ്ചിത ഉയരത്തിൽ നമ്മുടെ ഭൂ ഉപരിതലത്തോട് ചേർന്ന് കിടക്കുകയാണ് ചെയ്യാറ്..
ലീക്കാവുന്ന എൽ.പി.ജി യുടെ അളവും കാറ്റിന്റെ ഗതിയും അനുസരിച്ചിരിക്കും എൽ.പി.ജി യുടെ അന്തരീക്ഷ വ്യാപനം.. അതായത് എൽ.പി.ജി ലീക്ക് ആയ സ്ഥലത്തെ കാറ്റിന്റെ ഗതി തെക്കോട്ട് ആണ് എങ്കിൽ എൽ.പി.ജി തെക്കോട്ട് വ്യാപിക്കാൻ തുടങ്ങും അതല്ല മറിച്ച് കിഴക്കോട്ടാണെങ്കിൽ അങ്ങോട്ടും..
ഇത്രയും പറഞ്ഞത് തുറസായ സ്ഥലത്ത് ഗ്യാസ് ലീക്കായാൽ ഉള്ള കാര്യമാണ്. പക്ഷേ നമ്മുടെ വീടുകളിലെ അടച്ചിട്ട അടുക്കളകളിലെ സ്ഥിതി വളരെ അപകടം പിടിച്ച അവസ്ഥയാണ്. നമ്മുടെ അടുക്കളകളിൽ എൽ.പി.ജി. ലീക്കായാൽ അത് ഒരിക്കലും അന്തരീക്ഷവായുവുമായി ലയിച്ച് ചേരുകയോ അല്ലെങ്കിൽ മേൽ പറഞ്ഞത് പോലെ പുറത്തേക്ക് വ്യാപിക്കുകയോ ഇല്ല. കാരണം അടച്ചിട്ട നമ്മുടെ അടുക്കളകളിൽ വേണ്ടത്ര വായുസഞ്ചാരം ഇല്ല എന്നുള്ളത് തന്നെയാണ്..
വായു സഞ്ചാരം ഇല്ലാത്തത് കൊണ്ടും മേൽ പറഞ്ഞത് പോലെ എൽ.പി.ജിക്ക് സാന്ദ്രത അന്തരീക്ഷവായുവിനെക്കാൾ കൂടുതൽ ആയത് കൊണ്ടും എൽ.പി.ജി തറയോട് ചേർന്ന് ഒരു നിശ്ചിത ഉയരത്തിൽ അടിഞ്ഞ് കൂടി കിടക്കുകയാണ് ചെയ്യുന്നത്..(അളവ് കൂടുന്നതിനനുസരിച്ച് വ്യാപ്തിയിലും വ്യത്യാസം ഉണ്ടാകും) സമയം ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് പോലും വലിയ അപകടത്തിന് വഴിയൊരുക്കും എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക..
ഇനി എങ്ങനെയാണ് എൽ.പി.ജി ലീക്കായ സ്ഥലത്ത് ഫയർ അല്ലെങ്കിൽ തീ ഉണ്ടാകുന്നത് എന്നും അതിന്റെ ശാസ്ത്രീയ വശം എന്തെന്നും നോക്കാം..
ഒരു ഫയർ അല്ലെങ്കിൽ തീ ഉണ്ടാകണമെങ്കിൽ മൂന്ന് കാര്യങ്ങളാണ് വേണ്ടത്..
1,
കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജൻ
2,
ഫ്യുവൽ അല്ലെങ്കിൽ ഇന്ധനം
3,
ഹീറ്റ് അല്ലെങ്കിൽ ചൂട്
മൂന്ന് കാര്യങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ഒരുമിച്ച് ചേരുമ്പോഴാണ് തീ ഉണ്ടാകുന്നത്.. അല്ലാത്ത പക്ഷം നമുക്ക് തീ ഉണ്ടാകാൻ കഴിയുകയേ ഇല്ല.
മൂന്ന് കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുമ്പോഴാണ് സാധാരയായി തീ കെടുന്നത്... അതിനായി സ്മൂതറിംഗ്, സ്റ്റാർവേഷൻ തുടങ്ങിയ വിവിധ രീതികൾ വിവിധ തരത്തിലുള്ള ഫയറുകൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് ടീം ഉപയോഗിക്കാറുണ്ട്.
നമുക്ക് എൽ.പി.ജിയിലേക്ക് തന്നെ തിരികെ വരാം.
സാധാരണ പറഞ്ഞ മൂന്ന് കാര്യങ്ങളാണ് ഫയർ ഉണ്ടാകാൻ കാരണമാകുന്നത് എന്നിരിക്കെ എൽ.പി.ജി ലീക്കായ സ്ഥലത്ത് മേൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഉണ്ടായിരിക്കും..
ഒന്ന് അന്തരീക്ഷവായുവായ ഓക്സിജൻ.
രണ്ടാമതായി ഫ്യുവൽ അതായത് ഇന്ധനം. ഇന്ധനമാണ് അവിടെ നിറഞ്ഞു നിൽക്കുന്ന എൽ.പി.ജി..
ഇനി തീ ഉണ്ടാകണമെങ്കിൽ അവിടെ വേണ്ടത് ഹീറ്റ് അല്ലെങ്കിൽ ചൂട് ആണ്..
എൽ.പി.ജി എന്നത് വളരെയതികം കത്താൻ താൽപര്യം കാണിക്കുന്ന ഒരു ഇന്ധനം (വാതകം) ആയത് കൊണ്ട് തന്നെ ഒരു സ്ഫോടനത്തോടെ എൽ.പി.ജി കത്തിത്തീരാൻ അവിടെ വേണ്ട ചൂടിന്റെ അളവ് വളരെ കുറവ് മതിയാകും.. അതായത് നമ്മൾ നടക്കുമ്പോൾ കല്ലുകൾ തമ്മിൽ ഉരഞ്ഞ് ഉണ്ടാകുന്ന ചെറിയൊരു സ്പാർക്ക് പോലും മതിയാകും എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തമായി ഭവിക്കാൻ...
ഇനി എന്ത് കൊണ്ടാണ് എൽ.പി.ജി ഒരു വൻ സ്ഫോടനത്തോട് കൂടി ഇത്ര ഭീകരമായി കത്തിപ്പടരുന്നത് എന്ന് നോക്കാം..
നമ്മൾ ഒരു സ്ഥലത്ത് കുറച്ച് പച്ചിലകളും മറ്റൊരു സ്ഥലത്ത് കുറച്ച് ഉണങ്ങിയ ഇലകളും കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചാൽ വളരെ വേഗം കത്തിപ്പടരുന്നത് ഉണങ്ങിയ ഇലകൾ ആയിരിക്കും എന്നതിൽ സംശയമില്ല.. കാരണം ഉണങ്ങിയ ഇലകൾക്ക് കത്താനുള്ള പ്രവണത വളരെയധികം കൂടുതലാണ്.. അത് പോലെ കത്താൻ വളരെയതികം പ്രവണത കൂടുതൽ ഉള്ള വാതകമാണ് എൽ.പി.ജി. കൂടാതെ എൽ.പി.ജി. തിങ്ങിക്കിടക്കുന്നത് കൊണ്ടും എൽ.പി.ജി യുടെ ഓരോ കണികയ്ക്കും കത്താനുള്ള ശേഷി ഒരുപോലെ ആയത് കൊണ്ടും കത്തുന്ന സമയം എൽ.പി.ജി പെട്ടെന്ന് ഒരുമിച്ച് കത്തിത്തീരാനുള്ള ടെന്റൻസി കാണിക്കുകയും വലിയ സ്ഫോടനത്തോട് കൂടി കത്തിയമരുകയും ചെയ്യും..
ഇനി എൽ.പി.ജിയെ കുറിച്ച് നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ് ചൂണ്ടിക്കാണിക്കുന്നത്.
പലരും പറഞ്ഞ് കേൾക്കുന്നുണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്ന്..!! അതൊരു തെറ്റായ വാദമാണ്. കാരണം സിലിണ്ടർ പൊട്ടിത്തെറിക്കുക എന്നത് അപൂർവ്വത്തിൽ അപൂർവ്വമാണ്.. !
എൽ.പി.ജി അപകടം സംഭവിച്ച വീടുകളിൽ പോയിട്ടുള്ളവർക്ക് അറിയാം സിലിണ്ടർ അവിടെ തന്നെ ഉണ്ടാകും പൊട്ടിത്തെറിക്കാതെ തന്നെ. പലരും സംശയവും ഉന്നയിച്ചേക്കാം എന്താണിങ്ങനെ എന്ന്.
കത്തി തീരുന്നത് സിലിണ്ടറിന് പുറത്ത് ലീക്കായി വ്യാപിച്ച് കിടക്കുന്ന എൽ.പി.ജി ആണ്..!! സിലിണ്ടറിനുള്ളിൽ ഓക്സിജൻ കടക്കാതെ ഭദ്രമായി ആവരണം ചെയ്തിട്ടുള്ളത് കൊണ്ടും. ഒരു തീപ്പൊരി പോലും അകത്തേക്ക് കടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും സിലിണ്ടർ പൊട്ടിത്തെറിക്കുകയില്ല.
അപൂർവ്വ സമയങ്ങളിൽ സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ അത് ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ ചിലപ്പോൾ പൊട്ടിത്തെറിച്ചെന്ന് വരാം.
അതും അപൂർവ്വമായേ സംഭവിക്കാറുള്ളു. കാരണം എൽ.പി.ജി ശക്തിയായി പുറത്തേക്ക് പ്രവഹിക്കുകയാണെങ്കിൽ തീ അകത്തേക്ക് കടക്കാൻ സാധ്യത വളരെ കുറവാണ്.
പകരം എവിടെ വെച്ചാണോ പുറത്തേക്ക് വരുന്ന എൽ.പി.ജി ഓക്സിജനുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് അവിടം മുതൽ തീ ചീറി കത്തുകയാണ് ചെയ്യാറ്. അതും സിലിണ്ടറിലെ എൽ.പി.ജി തീരും വരെ. നമ്മുടെ ഗ്യാസ് അടുപ്പ് പ്രവർത്തിക്കുന്ന തത്വവും അതാണ്.
ഇനി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കാൻ മറ്റൊരു സാദ്ധ്യത കൂടി ഉണ്ട്. അതായത് എൽ.പി.ജി അപകടം സംഭവിച്ച് തീ കത്തിക്കൊണ്ടിരിക്കുന്ന സമയം സിലിണ്ടറിന് അടുത്തുള്ള ഏതെങ്കിലും ഒരു വസ്തുവിന് തീ പിടിച്ച് അത് ശക്തിയായി കത്തുകയാണെങ്കിൽ സിലിണ്ടറിനുളളിൽ നിറച്ചിരിക്കുന്ന എൽ.പി.ജി ദ്രാവക രൂപത്തിൽ ആയതിനാൽ ഉള്ളിലെ എൽ.പി.ജി തീയുടെ ചൂടേറ്റ് ബോയിലാകാൻ തുടങ്ങും അങ്ങനെ എൽ.പി.ജി ബോയിൽ ആകുമ്പോൾ സിലിണ്ടറിനുളളിലെ പ്രഷർ വർദ്ധിക്കുകയും ശക്തിയായി എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്യും..
ഇനി എൽ.പി.ജി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയട്ടെ...
1,
എൽ.പി.ജി സിലിണ്ടർ എപ്പോഴും തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് എപ്പോഴും അടഞ്ഞ സ്ഥലത്തും സൂക്ഷിക്കുക. കാരണം ജനലിന്റെ അരുകിലോ, വാതിലന്റെ അരുകിലോ ഒക്കെ ഗ്യാമ്പ് അടുപ്പ് സൂക്ഷിച്ചാൽ നമ്മുടെ ശ്രദ്ധ മാറുമ്പോൾ കാറ്റടിച്ച് അടുപ്പ് അണയാൻ സാധ്യത ഉണ്ട്. അങ്ങനെ അണഞ്ഞാൽ എൽ.പി.ജി ലീക്കാകാൻ തുടങ്ങും അല്പo കഴിഞ്ഞ് അടുപ്പ് അണഞ്ഞത് ശ്രദ്ധയിൽ പെട്ട് നമ്മളത് വീണ്ടും അലക്ഷ്യമായി കത്തിക്കാൻ ശ്രമിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
2,
അടുപ്പ് കത്തിക്കാൻ പോകുന്നതിന് മുമ്പ് സിലിണ്ടറിൽ നിന്നും അടുപ്പിലേക്ക് വരുന്ന ട്യൂബ് കൃത്യമായും പരിശോധിച്ചിരിക്കണം.. പൊട്ടലോ, മുറിവോ ഇല്ലെന്ന് ഉറപ്പു വരുത്തിയിരിക്കണം..
3,
അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ സെക്കന്റുകൾക്കകം തന്നെ ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിച്ചിരിക്കണം.. വൈകുന്ന ഒരോ നിമിഷവും നിങ്ങൾ അപകടം ക്ഷണിച്ച് വരുത്തുകയാണ്.
4,
എൽ.പി.ജി യുടെ ഉപയോഗം കഴിഞ്ഞ് ഉടൻ തന്നെ സിലിണ്ടറിലെ വാല്വ് അടച്ചിരിക്കണം. ഒരിക്കലും അടുപ്പിന്റെ നോബ് മാത്രം അടച്ച് നിങ്ങൾ തിരക്കുള്ളവരായി മാറുകയോ എളുപ്പം കാണിക്കുകയോ ചെയ്യരുത്. ഏതെങ്കിലും സാഹചര്യത്തിൽ ട്യൂബിന് പൊട്ടൽ വരുകയോ റെഗുലേറ്റർ ലീക്ക് ഉണ്ടാവുകയോ ചെയ്താൽ വൻ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ട്..
5,
എൽ.പി.ജി ഉപയോഗിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് എൽ.പി.ജി യുടെ അപകട സാധ്യതയെ കുറിച്ചുള്ള ചെറിയ അറിവെങ്കിലും ഉണ്ടായിരിക്കണം...
ഇനി നിങ്ങളുടെ വീടുകളിൽ എൽ.പി.ജി ലീക്കായി എന്ന് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളാണ് പറയുന്നത്.. ശ്രദ്ധിക്കുക..
1,
എൽ.പി.ജി ലീക്ക് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഒരിക്കലും നിങ്ങൾ പാനിക് ആകരുത്. ആദ്യമായി എത്രയും വേഗം സിലിണ്ടറിലെ വാല്വ് ഓഫ് ചെയ്യാൻ ശ്രമിക്കുക.. അധികമായുള്ള പേടി നിങ്ങൾക്ക് അപകടം ക്ഷണിച്ച് വരുത്തും..
2,
എൽ.പി.ജി ലീക്കായത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കത് നിയന്ത്രിക്കാൻ കഴിയാത്തതിലും അപ്പുറമാണ് എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ഫോൺ എടുത്ത് പ്രദേശത്ത് നിന്നും അകലേക്ക് മാറി നിന്ന് ഫയർ ആന്റ് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുക. (നമ്പർ - 101)
3,
എൽ.പി.ജി ലീക്കായി എന്ന് തോന്നി കഴിഞ്ഞാൽ സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനോ അല്ലെങ്കിൽ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്യാനോ പാടില്ല.. പകരം മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഇലക്ട്രിസിറ്റി തടയാൻ ശ്രമിക്കുക.. കാരണം സ്വിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നീല വെട്ടം നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും ചെറിയ സ്പാർക്ക് മതിയാകും തിങ്ങി നിൽക്കുന്ന എൽ.പി.ജി നമ്മുടെ മേൽ ഒരു വൻ ദുരന്തം വിതയ്ക്കാൻ..
4,
എൽ.പി.ജി ലീക്കായ റൂമിലെ അല്ലെങ്കിൽ കിച്ചനിലെ ജനാലകളും വാതിലുകളും സാവധാനത്തിൽ തുറന്നിട്ട് റൂമിൽ വായുസഞ്ചാരം പരമാവധി കൂട്ടാൻ ശ്രമിക്കുക..
5,
എൽ.പി.ജി ലീക്ക് ആയ സ്ഥലത്ത് കൂടി വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്..
6,
എൽ.പി.ജി ലീക്ക് ആയ റൂമിന്റെ തറയിൽ വെള്ളം ഒഴിച്ചിടാനോ അല്ലെങ്കിൽ നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടാനോ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...
7,
അടുത്തടുത്ത് വീടുകൾ ഉണ്ടെങ്കിൽ അവരോട് വിവരം അറിയിച്ച ശേഷം അടുപ്പുകൾ ഓഫ് ചെയ്യാനും ഇലക്ട്രിസിറ്റി കട്ട് ചെയ്യാനും ആവശ്യപ്പെടുക..
8,
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം ഫയർ ഫോഴ്സ് വരുന്നത് വരെ കഴിയുന്നതും ദൂരത്തേക്ക് മാറി നിൽക്കുക..
9,
ഫയർ ആന്റ് റെസ്ക്യൂ വരുമ്പോൾ കൃത്യമായി വീടിന്റെ രീതിയും റൂമുകളുടെ സ്ഥാനവും എൽ.പി.ജി ലീക്ക് ആയ സ്ഥലവും വ്യക്തമായി കാണിച്ച് കൊടുക്കുക.
10,
ഇനി ഒരു എൽ.പി.ജി ടാങ്കർ മറിഞ്ഞ് എൽ പി.ജി ലീക്ക് ആയ ഒരു സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും പാഴാക്കാതെ എത്രയും പെട്ടെന്ന് ഒരു കിലോമീറ്റർ അകലെയെങ്കിലും മാറി നിൽക്കുക. ഒരിക്കലും ടാങ്കറിനടുത്തേക്ക് പോകാൻ ശ്രമിക്കരുത്. കാരണം നിങ്ങൾക്കവിടെ ഒന്നും ചെയ്യാനില്ല. സ്വന്തം ജീവൻ രക്ഷിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അപ്പോൾ നിങ്ങൾക്കുണ്ടാകാൻ പാടുള്ളു. കഴിയുമെങ്കിൽ കൂടെ നിൽക്കുന്നവരെ കൂടി കൂട്ടി എത്രയും വേഗം ഒരു കിലോമീറ്റർ അകലെയെങ്കിലും എത്തി സെയ്ഫ് സോണിൽ സ്ഥാനം പിടിക്കുക...


(കടപ്പാട് - മാതൃഭൂമി)